2003 ഒക്‌ടോബര്‍ 10 ന് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ അദ്ദേഹം മരിച്ചു കിടന്നു. നീതിയുടെ കാവല്‍ക്കാരനായിരുന്ന ആ പച്ചമനുഷ്യനുമേല്‍ ഇനി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനാട്ടമിയുടെ പുതിയ പാഠങ്ങള്‍ പഠിക്കും.
ഇയാള്‍ സമൂഹത്തിനും പൊതുജനങ്ങള്‍ക്കും ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു എന്ന് ഒരു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിക്കണമെങ്കില്‍ അയാള്‍ സമൂഹത്തിന് അത്രമേല്‍ സഹായം ചെയ്യേണ്ടിവരും!
അതെ, നവാബ് ഒരിക്കലും നവാബിനുവേണ്ടി ജീവിച്ചില്ല. മേല്‍വിലാസ കോളത്തില്‍ 'ഇല്ല' എന്ന് എഴുതിച്ചേര്‍ത്തിരുന്ന ആ സാധു മനുഷ്യന്റെ ജീവിതം നമുക്കുവേണ്ടിമാത്രമായിരുന്നു.
നീതിയുടെ വലിയ കോട്ടകൊത്തളങ്ങള്‍ക്കു മുമ്പില്‍ കാത്തിരുന്ന് വാര്‍ദ്ധക്യത്തിലേയ്ക്കും മരണത്തിലേയ്ക്കും നീങ്ങിയേക്കാവുന്ന സാധാരണക്കാര്‍ക്കുവേണ്ടി നവാബ് കോടതി വരാന്തകള്‍ക്ക് മുന്നിലൂടെ വാര്‍ദ്ധക്യത്തിലേയ്ക്കും അവസാനം മരണത്തിലേയ്ക്കുതന്നെയും നടന്നിറങ്ങി.
കരുണാകരന്‍ * നവാബ്
കണ്ണൂരുകാരനായ കുഞ്ഞിരാമപ്പൊതുവാളിന്റെ മകന്‍ രാജേന്ദ്രന്‍ അതേ ജില്ലക്കാരന്‍ തന്നെയായ കെ. കരുണാകരനെ നിയമയുദ്ധത്തിലൂടെ വിടാതെ പിന്തുടര്‍ന്നത് മുപ്പതോളം വര്‍ഷങ്ങള്‍!
തട്ടില്‍ എസ്റ്റേറ്റ് കേസില്‍ കരുണാകരന്റെ പങ്ക് വ്യക്തമാക്കുന്നതിന്റെ രേഖകള്‍ 'നവാബ്' പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഈ പാവം മനുഷ്യന്‍ മാറുന്നത്.
രഹസ്യരേഖകള്‍ കൈവശമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പ്രശസ്ത സി.പി.എം നേതാവായ അഴീക്കോട് രാഘവനെ കൊലപ്പെടുത്തുന്നത്. കരുണാകരന് വ്യക്തമായ പങ്ക് ഈ സംഭവത്തിലുള്ളതായി സംശയിക്കപ്പെടുന്നു.
പിന്നീട് രേഖകള്‍ കൈവശമുണ്ടെന്ന സംശയത്തില്‍ പൊലീസ് രാജേന്ദ്രനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. കൊടും മര്‍ദ്ദനത്തിനിടയില്‍ അയാളുടെ മുന്‍നിരയിലെ മുഴുവന്‍ പല്ലുകളും കൊഴിഞ്ഞു, ആരോഗ്യവും .
ഇവിടം മുതല്‍ക്കാണ് തന്റെ ജീവിതം മുഴുവന്‍ ചതച്ചരച്ചവരെ നിയമവഴിയിലൂടെ നവാബ് പിന്തുടരുന്നത്.
നവാബിന്റെ കേസുകള്‍ അഥവാ നമ്മുടെ ആഗ്രഹങ്ങള്‍
കരുണാകരനെതിരെ തന്നെയായിരുന്നു പ്രധാനപ്പെട്ട കേസുകളധികവും . വക്കീലില്ലാത്ത ഈ പാവം ചെറുപ്പക്കാരന്റെ ആദ്യകേസ് ജയവും രാഷ്‌ട്രീയരംഗത്ത് ചാണക്യനെതിരെ തന്നെയായിരുന്നു.
കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയ്ക്ക് അമേരിക്കയില്‍ ചികിത്സ നടത്തിയതിന് 47 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നവാബ് നമുക്കുവേണ്ടി കോടതി കയറി.
പ്രശസ്ത കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എം.പി ഗംഗാധരന്‍ പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം നടത്തിയതിനെതിരെ നവാബ് കൊടുത്ത കേസില്‍ ഗംഗാധരന്റെ മന്ത്രിസ്ഥാനം തെറിച്ചു (1986).
ഇടതുമുന്നണി ഭരണകാലത്ത് ചീഫ് വിപ്പായിരുന്ന സി.പി.എം നേതാവ് ടി.കെ ഹംസ ഔദ്യോഗികപരിപാടിയ്ക്ക് യാത്ര ചെയ്തപ്പോള്‍ ഹംസയ്ക്കൊപ്പം എം. മൊയ്‌ദീന്‍ എന്ന വ്യവസായിയെ കൊണ്ടുപോയതിനെതിരെയും നവാബ് കോടതി കയറി.
മുന്‍ ഡി.ജി.പിയായ കെ.ജെ ജോസഫ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് തുടങ്ങിയ പൊലീസ് നേതൃത്വങ്ങളെയും നവാബ് വെറുതെ വിട്ടിരുന്നില്ല .
കൊച്ചിയില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ കാര്‍ റണ്‍വേ തെറ്റിച്ചപ്പോഴും ഈ മനുഷ്യന്‍ കോടതി കയറി.
എല്ലാ കേസുകള്‍ക്കിടയില്‍ നിന്നും വേദനകളില്‍ നിന്നും നവാബ് ശാന്തനായി ഇറങ്ങിപ്പോയി. ജോണിനും അയ്യപ്പനുമൊപ്പം കാപട്യം നിറഞ്ഞ കാലത്തിനുനേരെ സ്വന്തം ജീവിതം കൊണ്ട് പ്രതിഷേധിച്ചവനായിരുന്നു നവാബ്.
ബൊഹീമിയന്‍ ജീവതം നയിച്ചവര്‍ ഒരുപാട് വേറെയും ഉണ്ടാകാമെങ്കിലും നവാബ് നവാബ് മാത്രം.
'ഒരു പട്ടിപോലുമാവാനാകാതെ
വാലാട്ടാനാകാതെ നാം
നമ്മുടെ സൗധങ്ങളില്‍
ചീഞ്ഞുനാറുമ്പോള്‍' (കെജിഎസ്സിന്‍റെ കവിതയില്‍ നിന്ന്)
നവാബ് നീതിയുടെ ഇത്തിരിവെട്ടമെങ്കിലും നമുക്കുവേണ്ടി തെളിയിച്ചിരുന്നു. ഇനി...?
* നവാബ് രാജേന്ദ്രന്‍ അന്തരിച്ചപ്പോള്‍ മലയാളം വെബ്‌ദുനിയയില്‍ എഴുതിയ കുറിപ്പാണ് ഇത്.
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍