റാറ്റാറ്റൂയി മാത്രമല്ല ആനിമേഷന്‍ സിനിമകളുടെ പണക്കൊയ്ത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന സിനിമ. പിക്സാറിനെപ്പോലെ ആനിമേഷന്‍ രംഗത്ത് കൈത്തഴക്കം നേടിയിട്ടുള്ള സോണി പിക്ചേഴ്സിന്റെ ആനിമേഷന്‍ ചിത്രങ്ങളും എടുത്ത് പറയേണ്ടവയാണ്.സോണി പിക്ചേഴ്സിന്റെ ‘ഹാപ്പി ഫീറ്റി’നെ പറ്റിയാവട്ടെ ഇനി. നിരൂപകശ്രദ്ധയും ബോക്സ് ഓഫീസ് വിജയവും ഒന്നിച്ച് കരസ്ഥമാക്കിയ ‘ഹാപ്പി ഫീറ്റ്’ എന്ന ആനിമേഷന്‍ സിനിമ ചര്‍ച്ചചെയ്തത് വംശനാശം സംഭവിച്ച് പെന്‍ഗ്വിനുകളുടെ കഥയായിരുന്നു. അതുമാത്രമല്ല, പെന്‍ഗ്വിന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കൊച്ചു പെന്‍ഗ്വിന്റെ സാഹസികത നിറഞ്ഞ കഥയിലൂടെ, എന്തുകൊണ്ടാണീ വംശനാശം എന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വരെ സാമൂഹികപ്രസക്തിയോടെ അന്വേഷിച്ച് ചെല്ലുന്നുമുണ്ട് ഈ ആനിമേഷന്‍ സിനിമ.
ആനിമേഷന്‍ ചലച്ചിത്ര മേഖലയിലെ മറ്റൊരു ഭീമന്‍ കമ്പനിയാണ് ഡ്രീംവര്‍ക്ക്‌സ്. നിലനില്‍ക്കുന്ന ഒരു പഴംകഥയുടെ പുതിയ വായനയാണ് ഡ്രീംവര്‍ക്ക്‌സ് ആനിമേഷന്റെ പ്രശസ്തമായ 'ഷ്രെക്ക് '. ഒരു പോസ്റ്റ് മോഡേണ്‍ ചലച്ചിത്ര വായന എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു അതിരസകരമായ സിനിമയാണിത്. സമൂഹ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള ഒരു നാടന്‍ കഥയുടെ കഥാ ഘടനയ്ക്കുള്ളില്‍ കയറി നിന്നുകൊണ്ട് പുതിയ ഭാവുകത്വങ്ങളും കെട്ടഴിച്ചുവിട്ട ഭാവനാലോകവും സൃഷ്ടിക്കുന്ന ഇത്തരം സിനിമകള്‍ ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
എന്നാല്‍ നമുക്ക് പത്തോ ഇരുപതോ വര്‍ഷം മുമ്പേ ഓടുന്ന ആനിമേഷന്‍ സിനിമകളെ പറ്റി ഒരു കൊച്ചു വിലയിരുത്തല്‍ പോലും മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ദുഃഖകരം തന്നെ. (അടുത്ത ഭാഗത്തിനായി കാത്തിരിക്കുക)

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍